കൊച്ചി: കൊച്ചിയില്‍ വീണ്ടും ട്രേഡിംഗ് തട്ടിപ്പ്. ഗാന്ധിനഗര്‍ സ്വദേശിയായ 74കാരന് 89.33 ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എസ്വൈ വണ്‍ 2025 വെല്‍ത്ത് ഗ്രോത്ത് റിസര്‍ച്ച് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പിന് തുടക്കം.
ഗ്രൂപ്പില്‍ അംഗമാക്കിയതിന് ശേഷം ആനന്തരതി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ടീം ലീഡര്‍ ചമഞ്ഞാണ് തട്ടിപ്പുകാര്‍ 74കാരനെ സമീപിച്ചത്. ആനന്തരതി ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് ലിമിറ്റഡില്‍ പണം നിക്ഷേപിച്ച് ബ്ലോക്ക് ട്രേഡിംഗ് നടത്തിയാല്‍ വന്‍ ലാഭം ഉണ്ടാകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
തുടര്‍ന്ന് 12 തവണകളായി 89,33,000 രൂപ 74കാരന് നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതം ലഭിക്കാതെ വന്നതോടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രൂപ് ബോത്ര, മംഗലം ഗണേഷ് എന്നിവര്‍ക്കെതിരെ സൈബര്‍ പോലീസ് കേസ് എടുത്തു.
കഴിഞ്ഞയിടെ വടുതല സ്വദേശിയായ 64കാരന് 96.05 ലക്ഷം രൂപ സമാന രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ലോഗോയുള്ള, എസ്ബിഐ സ്റ്റഡി എക്സ്ചേഞ്ച് എന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഗമാക്കിയായിരുന്നു തട്ടിപ്പ്. ഒമ്പത് തവണകളായി 96,05,200 രൂപയാണ് പരാതിക്കാരന് നിക്ഷേപിച്ചത്. സംഭവത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ സുരേഷ് ശുക്ല, മല തോടര്വാള് എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.